ജയ്പൂര്‍: മദ്യത്തിനെതിരേ സ്ത്രീകള്‍ സംഘടിച്ചു; ഒടുവില്‍ വോട്ടെടുപ്പ് നടത്തി മദ്യം നിരോധിച്ചു. രാജസ്ഥാനിലെ രാജസമന്ദ് ജില്ലയിലെ തനേത ഗ്രാമത്തിലാണു മദ്യത്തിനെതിരേ സ്ത്രീകള്‍ സംഘടിച്ചത്. പഞ്ചായത്ത് പ്രസിഡന്റായ വനിതയുടെ നേതൃത്വത്തില്‍ മദ്യത്തിനെതിരേ സ്ത്രീകള്‍ രംഗത്തിറങ്ങിയതോടെ മദ്യശാലകള്‍ പൂട്ടാന്‍ തീരുമാനമായി. മദ്യശാലകള്‍ അടയ്ക്കണോ എന്നു തീരുമാനിക്കാന്‍ നടത്തിയ വോട്ടെടുപ്പില്‍ ഗ്രാമത്തിലെ 3245 വോട്ടര്‍മാരില്‍ 2206 പേരും മദ്യനിരോധനത്തിനായി വോട്ടു ചെയ്തു.
മദ്യപാനികള്‍ക്ക് അനുകൂലമായി 61 വോട്ടുകള്‍ കിട്ടിയപ്പോള്‍ 40 വോട്ടുകള്‍ അസാധുവായി. തിരഞ്ഞെടുപ്പുഫലം ജില്ലാ ഭരണകൂടം ഉത്തരവായി പുറത്തിറക്കുന്നതോടെ ഗ്രാമത്തിലെ മദ്യവില്‍പനശാലകള്‍ക്കു പൂട്ടും. രാജസ്ഥാന്‍ എക്‌സൈസ് നിയമപ്രകാരം മദ്യഷാപ്പുകള്‍ പ്രവര്‍ത്തിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം പഞ്ചായത്തുകള്‍ക്കാണ്.
50 ശതമാനം ഗ്രാമവാസികളുടെ പിന്തുണ ലഭിച്ചാല്‍ കട അടപ്പിക്കാം. കലക്ടറുടെ മേല്‍നോട്ടത്തിലാണ് ധനേതയില്‍ വെള്ളിയാഴ്ച ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തില്‍ വോട്ടെടുപ്പു നടന്നത്. ഫലമറിഞ്ഞതോടെ ഗ്രാമമുഖ്യ ദീക്ഷ ചൗഹാന്റെ നേതൃത്വത്തില്‍ ആഘോഷങ്ങളും അരങ്ങേറി. ജില്ലയില്‍ വോട്ടെടുപ്പിലൂടെ മദ്യവില്‍പന നിരോധിക്കുന്ന മൂന്നാമത്തെ ഗ്രാമമാണ് ധനേത. മറ്റൊരു ഗ്രാമമായ ബരാറില്‍ അടുത്തയാഴ്ച വോട്ടെടുപ്പു നടക്കും.
മദ്യനിരോധനത്തിനായി ഗ്രാമത്തിലെ ജനങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. എല്ലാ മദ്യവില്‍പ്പന ശാലകളും നിരോധിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മദ്യനിരോധനത്തിന് വോട്ട് ചെയ്യാന്‍ തനേതയിലെ ജനങ്ങള്‍ പരസ്പരം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഞങ്ങള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ജനങ്ങളുടെ ഈ പിന്തുണ-ദീക്ഷ ചൗഹാന്‍ പറഞ്ഞു.
ഗ്രാമത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍, ഒരുപാട് സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ മദ്യത്തിനായി സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം പാഴാക്കുന്നതായി പരാതിപ്പെട്ടിരുന്നു. പുരുഷന്മാര്‍ മദ്യപിച്ച് ഭാര്യമാരെ അടിക്കും. അല്ലെങ്കില്‍ അവര്‍ അപകടങ്ങളില്‍പെടും. ആത്യന്തികമായി ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. നിരോധനത്തിലൂടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ-അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.